കോഴിക്കോട് : ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിൽ യുഡിഎഫ് അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്ത വോട്ടുകൾ തള്ളിക്കളയാൻ നൽകിയ പരാതി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരസഭയിൽ നിന്ന് കടത്തിയ സംഭവത്തിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഫറോക്ക് നഗരസഭാ ഓഫീസ് ഉപരോധിച്ചു.
ഡിവിഷൻ 24 മുതുവാട്ടുപാറയിൽ യുഡിഎഫ് അനർഹമായി ചേർത്ത 19 വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ(എം) പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ. രാജീവൻ പരാതി നൽകിയത്. ഡിവിഷൻ 22-ൽ സ്ഥിരതാമസക്കാരായവരെയാണ് യുഡിഎഫ് 24-ാം ഡിവിഷനിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത്.ഇതിനെതിരെ എൽഡിഎഫ് ഫോറം നമ്പർ അഞ്ചിൽ നൽകിയ പരാതിയാണ് മുനിസിപ്പാലിറ്റിയിൽനിന്ന് കാണാതായത്.
ഈ അപേക്ഷകളാണ് ഉദ്യോഗസ്ഥരുടെ ഒത്താശയിൽ യുഡിഎഫ് നഗരസഭയിൽ നിന്ന് കടത്തിയതെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.പരാതി നൽകിയ നവംബർ അഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൽഡിഎഫ് നേതാക്കൾ പോലീസ് സാന്നിധ്യത്തിൽ ആവശ്യപ്പെടുകയും പരിശോധനയിൽ പരാതി നൽകിയതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു.
ഇതോടെ എൽഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു.പോലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ, ഫറോക്ക് നഗരസഭാ സെക്രട്ടറി സംഭവത്തിൽ ഫീൽഡ് പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഈ ഉറപ്പിന്മേലാണ് എൽഡിഎഫ് പ്രവർത്തകർ ഉപരോധ സമരം അവസാനിപ്പിച്ചത്.എൽഡിഎഫ് നേതാക്കളായ സി. ഷിജു, പ്രകാശ് കറുത്തേടത്ത്, കെ. ഷെഫീഖ്, എം. സമീഷ്, എം.എം. മുസ്തഫ എന്നിവർ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ചു.






