തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് വ്യവസായി എം എ യൂസഫലി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിയാണ് യൂസഫലി ആദരാഞ്ജലികൾ അർപ്പിച്ചത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. സംസ്ഥാനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പ്രതികരിച്ചു.
സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് വി എസിന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. നൂറ് കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനവും ഉണ്ടാകും.






