പാലക്കാട്: വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകി. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയതായും, അവർ കീഴടങ്ങുന്നതിനായി ബന്ധുക്കൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എട്ട് പേരിലധികരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
കേസിൽ ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. അട്ടപ്പള്ളം സ്വദേശി വിനോദ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് കോൺഗ്രസിൽ ചേർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.




