കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കാത്ത പഞ്ചായത്തുകളിൽ ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്ന് മുന്നറിയിപ്പ്.
ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേലാണ് പാലായിൽ നടന്ന മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് ദിവസത്തിനുള്ളിൽ ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുള്ള അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിർണായക ശക്തിയായി മാറാൻ ബി.ഡി.ജെ.എസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.






