കൊല്ലം: താമരക്കുളം മേഖലയിലെ ജലക്ഷാമത്തിനു പരിഹാരം കാണാനായി ഉപരോധം സംഘടിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ കുടങ്ങളേന്തിയെത്തിയ അമ്മമാരാണ് ഭൂഗർഭജല ജില്ലാ ഓഫിസ് ഉപരോധിച്ചത്. ഓഫിസർ ഇൻചാർജ് ശ്രീകുമാറിനെ തടഞ്ഞുവച്ചു.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പ്രതിഷേധത്തിന് നേതൃത്വം നൽകി.നഗരത്തിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ബോട്ട്കോ പമ്പ് ഹൗസിലെ കുഴൽക്കിണർ തകരാറിൽ ആയതിനെ തുടർന്ന് കഴിഞ്ഞ 9 മാസക്കാലമായി താമരക്കുളത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. ഫെബ്രുവരിയിൽ പുതിയ കുഴൽക്കിണർ നിർമാണം ആരംഭിച്ചതെങ്കിലും അശാസ്ത്രീയ നിർമാണത്തിൽ വീണ്ടും തകരാറിലായി. തകരാറിലായ കുഴൽക്കിണറിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള കരാറുകാരുടെ ശ്രമത്തെ ബിജെപി പ്രവർത്തകർ തടഞ്ഞെന്നും പുതിയ കുഴൽക്കിണർ നിർമിക്കണമെന്ന് കരാറുകാരനോടും ഭൂജല വകുപ്പ് ജില്ലാ ഓഫിസറോടും അറിയിച്ചെങ്കിലും കരാറുകാരൻ നിരസിച്ചതോടെയാണ് പ്രതിഷേധവുമായി ഓഫിസ് ഉപരോധിച്ചതെന്നും പ്രണവ് പറഞ്ഞു.
പ്ലാസ്റ്റിക് പൈപ്പുകൾ പൊടിച്ചുള്ള നിർമാണം താമരക്കുളത്തെ ജനങ്ങളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുമെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 17ന് പുതിയ കുഴൽക്കിണർ നിർമാണം ആരംഭിച്ച് ഏഴു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി ടൗൺ ഏരിയ പ്രസിഡന്റ് ശ്രീജ ചന്ദ്രൻ, ബിജെപി മണ്ഡലം സെക്രട്ടറി ചിത്ര, താമരക്കുളം ബൂത്ത് സെക്രട്ടറി ബിജി രാജേഷ്, ഷീജ എന്നിവർ നേതൃത്വം നൽകി.






