ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ മേഖലയിൽ വ്യോമമേഖല ഭാഗികമായി തുറന്നു. ഇതോടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു. ഗൾഫ് മേഖലയിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യമിട്ട് അധിക വിമാന സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.
ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് അധിക സർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് ഇന്ന് നിരവധി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. മസ്‌കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രത്യേക റിലീഫ് ഫ്ലൈറ്റുകളും പ്രവർത്തനം തുടങ്ങി.
അതിനിടെ, ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കയുടെ വാദത്തിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. മനാമയിലെ ഒരു ഹോട്ടലിനെയും രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.
എന്നാൽ സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈറ്റിലും ഇറാനിയൻ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിനെ ലക്ഷ്യമിട്ട മിസൈൽ ആക്രമണം സൗദി പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി അധികൃതർ അറിയിച്ചു.
ഇറാനെതിരെ ശക്തമായ ആക്രമണം തുടരുമെന്ന് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ കരയുദ്ധം ഉണ്ടായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.






