ബെർലിൻ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയർന്ന ഇന്ധനവിലയെ മറികടക്കാൻ ജർമ്മനിയിലെ പ്രമുഖ വിമാനക്കമ്പനി ലുഫ്താൻസ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. മെയ് മുതൽ ഒക്ടോബർ വരെ ഏകദേശം 20,000 ചെറുദൂര വിമാനങ്ങൾ റദ്ദാക്കാനാണ് തീരുമാനം. ഇതിലൂടെ വലിയ തോതിൽ വിമാന ഇന്ധനം ലാഭിക്കാനാണ് ലക്ഷ്യം.
ഫ്രാങ്ക്ഫർട്ട്, മ്യൂണിക് വിമാനത്താവളങ്ങളിൽ നിന്നുള്ള ആവശ്യകത കുറഞ്ഞ സർവീസുകളാണ് പ്രധാനമായും ബാധിക്കുക. ചില യൂറോപ്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. പകരം മറ്റ് കേന്ദ്രങ്ങൾ വഴി സർവീസുകൾ പുനഃക്രമീകരിക്കും.
വിമാനങ്ങൾ റദ്ദാക്കിയാലും ആകെ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തെ തുടർന്ന് ആഗോള ഇന്ധനവില ഉയർന്നത് വ്യോമയാന മേഖലയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. യൂറോപ്പിൽ ജെറ്റ് ഇന്ധന ശേഖരം പരിമിതമാണെന്ന മുന്നറിയിപ്പും ആശങ്ക വർധിപ്പിക്കുന്നു.




