കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കൽ വൈകുന്നതിന്റെ കാരണം എന്താണെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും വ്യക്തമാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
കേരളത്തിൽ എയിംസിന്റെ ആവശ്യകത ഉണ്ടെന്നും ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നാല് എണ്ണം നിർമ്മാണഘട്ടത്തിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിൽ പുതുതായി അനുവദിച്ച എയിംസ് പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുത്താൽ മാത്രമേ സാധ്യതാ പഠനം നടത്താൻ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, എയിംസിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ പത്ത് വർഷമായി കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചു. 2016-ൽ കേന്ദ്രം പദ്ധതി മുന്നോട്ട് വെച്ചെങ്കിലും പിന്നീട് സംസ്ഥാന ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടായില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഈ ആരോപണം സംസ്ഥാന സർക്കാർ തള്ളി. എയിംസിനായി ആവശ്യമായ സ്ഥലം കണ്ടെത്തി നൽകിയതും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതുമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ, എയിംസ് അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നുവെന്നും വ്യക്തമാക്കി.
ഇതിന് പിന്നാലെ പുതുതായി അനുവദിച്ച 22 എയിംസുകൾക്ക് കേന്ദ്രം സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്ന് വിശദീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.






