പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാറുള്ള ജില്ലയാണ് എറണാകുളം. പ്രധാനമായും കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുടരുന്ന വരും ഏറ്റെടുക്കുന്നവരും ആണ് എറണാകുളത്തെ ജനത. സംസ്ഥാനത്ത് ഇടതിന്റെ തുടർഭരണം ഉണ്ടായപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്.
വരുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയം നേടുവാൻ കഴിയുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ല കൂടിയാണ് എറണാകുളം. അദ്ദേഹം ഉൾപ്പെടെയുള്ള നേതാക്കൾ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. മാത്രവുമല്ല മറ്റൊരു പ്രധാനപ്പെട്ട ഘടകം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റ് ആണ് എറണാകുളത്തെ കോൺഗ്രസിനെ നയിക്കുന്നത് എന്നതാണ്. ഏറെക്കുറെ സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ ഒന്നും ഇല്ലാത്ത പോലെ ചിട്ടയായ പ്രവർത്തനങ്ങളാണ് എറണാകുളത്ത് നടക്കുന്നത്.
അതേസമയം, കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം അവരെ കുഴിയിൽ ചാടിക്കും എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷത്തിന് വലിയ സാധ്യതകൾ ഇല്ലെന്ന് കണക്കുകൂട്ടുന്ന എറണാകുളത്ത് വരുന്ന തെരഞ്ഞെടുപ്പിൽ രണ്ടും കൽപ്പിച്ച് അവർ ഇറങ്ങുമ്പോൾ പല യുഡിഎഫ് കോട്ടകളിലും വിള്ളൽ വീഴുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കോൺഗ്രസിനെ എളുപ്പത്തിൽ ഭിന്നിപ്പിക്കാൻ കഴിയുമെന്നും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇടതുമുന്നണി കോൺഗ്രസിന്റെ കോട്ടകളിൽ പോലും വിജയം നേടാനുള്ള സാധ്യതകൾ ഉണ്ടെന്നും അവർ പറയുന്നു.
അമിത ആത്മവിശ്വാസം പെരുവഴിയിലേക്ക് കോൺഗ്രസിനെ തള്ളിവിട്ട പല സംഭവവികാസങ്ങളും ചരിത്രത്തിലുണ്ട്. അതിന്റെ ആവർത്തനങ്ങൾക്കുള്ള സാധ്യത ആരെങ്കിലും പറഞ്ഞാൽ അവരെ തള്ളിപ്പറയുവാനും കഴിയുകയില്ല. മണ്ഡലങ്ങൾ വിശദമായി പരിശോധിച്ചാൽ എറണാകുളം മണ്ഡലം എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം തന്നെ നിലകൊണ്ടിട്ടുള്ള മണ്ഡലമാണ്. തുടർച്ചയായി കെ വി തോമസ് എംഎൽഎയായി മത്സരിച്ചു വിജയിച്ചിരുന്ന മണ്ഡലത്തിൽ 2011ൽ പണ്ട് എംഎൽഎയായിരുന്ന ജോർജ് ഈഡന്റെ മകനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹൈബി ഈഡൻ കെ വി തോമസിന് പകരക്കാരനായി എത്തുകയായിരുന്നു. പിന്നീട് 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഹൈബി രാജിവച്ച് മത്സരിക്കുകയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് വിജയിക്കുകയായിരുന്നു.
2021ലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിനോദ് തന്നെ മണ്ഡലം നിലനിർത്തുകയായിരുന്നു. ഇവിടെ ടി ജെ വിനോദ് തന്നെ മത്സരിച്ചാൽ സിപിഎം വളരെ ചെറുപ്പക്കാരനായ ഒരാളെ മത്സരിപ്പിച്ചാൽ കോൺഗ്രസ് അൽപ സ്വൽപം ഒക്കെ വിയർക്കാനാണ് സാധ്യത. കൊച്ചിയിലേക്ക് സിപിഎമ്മിന്റെ കെ ജെ മാക്സിയാണ് നിലവിൽ എംഎൽഎ. 2016ലാണ് കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം മാക്സിയിലൂടെ സിപിഎം തിരികെ പിടിക്കുന്നത്.
നിലവിൽ സിപിഎം ആണെങ്കിലും അടുത്ത തവണ കൊച്ചിയിൽ കോൺഗ്രസ് അനായാസം വിജയിക്കുന്നതിനുള്ള സാധ്യതകൾ ആണുള്ളത്. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. ടോണി ചമ്മണിയാണ് കഴിഞ്ഞതവണ കോൺഗ്രസിൽ നിന്നും മത്സരിച്ചത്. ഇത്തവണയും സീറ്റിനു വേണ്ടി അദ്ദേഹം വാശിപിടിച്ച് മത്സരത്തിനിറങ്ങിയാൽ സിപിഎം തന്നെ ഉറപ്പായും ജയിക്കുന്നതിനുള്ള സാധ്യതകളും തള്ളിക്കളയുവാൻ കഴിയില്ല. കളമശ്ശേരിയും കൊച്ചിയും പരസ്പരം ലീഗും കോൺഗ്രസും വെച്ചു മാറുവാനുള്ള സാധ്യതകളും പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിലും ലീഗ് സ്ഥാനാർഥി മത്സരിച്ചാലും കൊച്ചിയിൽ വിജയം ഉറപ്പാണ്. എന്നാൽ കളമശ്ശേരി വിട്ടു നൽകുവാൻ ലീഗ് തയ്യാറാകുമെന്ന് തോന്നുന്നതേയില്ല. കാരണം കളമശ്ശേരിയിൽ കുപ്പായം തയ്ച്ചിരിക്കുന്ന ഒരു പിടി ലീഗ് നേതാക്കളെങ്കിലും കാണും.
ആലുവ മണ്ഡലത്തിലേക്ക് വന്നാൽ നിലവിലെ എംഎൽഎ അൻവർ സാദത്തിനോട് ആളുകൾക്ക് വലിയ താല്പര്യം ഒന്നുമില്ല. എന്നിരുന്നാലും ആലുവ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ്. അപ്പോഴും എറണാകുളത്തേതുപോലെ വളരെ ചെറുപ്പം ഉള്ള, അല്ലെങ്കിൽ അത്രമേൽ പ്രൊഫഷണൽ ആയ ഒരാളെ നിർത്തിയാൽ ഇടതിന് എളുപ്പത്തിൽ വിജയിക്കുവാനും കഴിയും. പെരുമ്പാവൂർ മണ്ഡലം പരിഗണിച്ചാൽ നിലവിൽ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളി ആണ് എംഎൽഎ. ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എൽദോസിന് വീണ്ടും വോട്ട് കിട്ടുന്നതിനുള്ള സാധ്യത കുറവാണ്. എൽദോസ് തന്നെ വാശിപിടിച്ച് മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ചാൽ പരാജയം ഉറപ്പാണ്. എൽദോസിനെ മാറ്റി കോൺഗ്രസിൽ നിന്നും മറ്റാരെങ്കിലും മത്സരിച്ചാൽ മണ്ഡലം നിലനിർത്താനാകും.
കോതമംഗലം മണ്ഡലം പരിശോധിച്ചാൽ നിലവിൽ സിപിഎമ്മിന്റെ ആന്റണി ജോൺ ആണ് എംഎൽഎ. കോൺഗ്രസിനെ കൃത്യമായ സംഘടനാ സംവിധാനമുള്ള എറണാകുളം ജില്ലയിലെ ഒരു മണ്ഡലമാണ് കോതമംഗലം. കേരള കോൺഗ്രസ് തുടർച്ചയായി മത്സരിക്കുന്നത് കൊണ്ടുമാത്രമാണ് അവിടെനിന്നും സിപിഎമ്മിന് ജയിച്ചു കയറാൻ ആകുന്നത്. യുഡിഎഫിന്റെ സ്ഥിരം സ്ഥാനാർത്ഥിയായ ഷിബു തെക്കുംപുറത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത പൊതുവേ കുറവാണ്. അബിൻ വർക്കിയെ പോലെയുള്ള യൂത്ത് കോൺഗ്രസിന്റെ പുലിക്കുട്ടികളെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കുകയാണ്അഭികാമ്യം. എന്നാൽ അതിന് ഷിബു തെക്കുംപുറവും കേരള കോൺഗ്രസും തയ്യാറാകുമോ എന്നത് സംശയമാണ്. കേരള രാഷ്ട്രീയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഏറെ സജീവമാണെങ്കിലും മൂവാറ്റുപുഴയിലെ ജനങ്ങൾക്ക് അദ്ദേഹത്തോട് അത്രകണ്ട് താല്പര്യമില്ല. അതുകൊണ്ടുതന്നെ മാത്യു കോതമംഗലത്തേക്ക് വന്നാൽ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയും.
മാത്യു മാറുന്ന ഒഴിവിൽ മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കൻ കൂടി മത്സരിച്ചാൽ മൂവാറ്റുപുഴയും കോൺഗ്രസിനൊപ്പം തന്നെ നിൽക്കും. അതല്ലാത്ത പക്ഷം രണ്ടു മണ്ഡലങ്ങളിലും പരാജയം ഉറപ്പാണ്. പിറവം മണ്ഡലത്തിലേക്ക് വന്നാൽ കാലങ്ങളോളം ടി എം ജേക്കബ് നയിച്ച മണ്ഡലം ഇപ്പോൾ മകനായ അനൂപ് ജേക്കബ് ആണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹം തന്നെ സ്ഥിരമായി മത്സരിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്ക് അത്രകണ്ട് താല്പര്യമില്ല. മാത്രവുമല്ല 20-20യുടെ നേതാവ് സാബു എം ജേക്കബ് പിറവത്ത് മത്സരിക്കുന്നതിനുള്ള സാധ്യതകളും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അത് വലിയ വെല്ലുവിളികയാകും അനൂപ് ജേക്കബിന് തീർക്കുക. ഒരുപക്ഷേ യുഡിഎഫ് പരാജയത്തിന് പോലും അത് കാരണമായേക്കാം.
വൈപ്പിൻ മണ്ഡലം പരിശോധിക്കുകയാണെങ്കിൽ തുടർച്ചയായി സിപിഎമ്മാണ് വിജയിച്ചു വരുന്നത്. കെ എൻ ഉണ്ണികൃഷ്ണനാണ് നിലവിലെ എംഎൽഎ. വൈപ്പിനിൽ കോൺഗ്രസ് വിജയിച്ചു വരിക എന്നത് അത്ര എളുപ്പമല്ല. സിപിഎം തന്നെ മണ്ഡലം നിലനിർത്തുവാനാണ് സാധ്യത. അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസിന്റെ യുവനേതാവായ റോജി എം ജോൺ ആണ്. മികച്ച ജനപ്രതിനിധി എന്ന നിലയിൽ വളരെയധികം ശ്രദ്ധേയനാണ് അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുന്നതിനാണ് സാധ്യത. അപ്പോഴും ക്രൈസ്തവ വോട്ടുകൾ അവിടെ നിർണായകമാണ്. അങ്ങനെ വരുമ്പോൾ ഇപ്പോഴത്തെ മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടി ചർച്ച ആവുകയും ആർക്ക് ദോഷകരമായി വരുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
പറവൂർ മണ്ഡലത്തിൽ നിന്നും ഇപ്പോൾ നിയമസഭയിൽ ഉള്ളത് പ്രതിപക്ഷ നേതാവ് സാക്ഷാൽ വി ഡി സതീശൻ ആണ്. ഒരുപക്ഷേ കോൺഗ്രസിൽ നിന്നും അടുത്ത തവണ മുഖ്യമന്ത്രി ആകുവാൻ വരെ സാധ്യത സതീശൻ ഉണ്ട്. അതുകൊണ്ടുതന്നെ പഠിച്ച പണി പതിനെട്ടും നോക്കി സതീഷിനെ പരാജയപ്പെടുത്തുവാൻ ഇടതുപക്ഷം ശ്രമിക്കും. അതിനെ സതീശൻ അതിജീവിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. കുന്നത്തുനാട് മണ്ഡലത്തിൽ അടുത്ത തെരഞ്ഞെടുപ്പ് ഏറെ വാശി ഉള്ളതാകും.
കോൺഗ്രസും സിപിഎമ്മും ട്വന്റി 20ഉം പരസ്പരം കടുത്ത പോരാട്ടമാകും ഇവിടെ നടക്കുക. മുൻപ് എംഎൽഎയും ഇപ്പോൾ കെപിസിസി വൈസ് പ്രസിഡണ്ടുമായ ബിപി സജീന്ദ്രനെ തന്നെ രംഗത്തിറക്കുവാൻ ആകും കോൺഗ്രസിന്റെ ആലോചന. ട്വന്റി 20 മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കുവാനുള്ള സാഹചര്യവും സാധ്യതയും ഉണ്ടെന്ന് രാഷ്ട്രീയ നിരീഷകർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി 20 യ്ക്ക് മണ്ഡലത്തിൽ ഒരു അഴിമതി വിരുദ്ധ മുഖമുണ്ട്. അതിനൊപ്പം വികസന പ്രവർത്തനങ്ങൾ കൂടിയാകുമ്പോൾ വിജയം സുനിശ്ചിതവുമായേക്കാം.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ ബാബുവിനെ ജനങ്ങൾ ഏറെക്കുറെ വെറുത്ത മട്ടാണ്. ബാബുവിന് പകരം പിഷാരടി മത്സരിക്കുന്നതിനുള്ള സാധ്യതകൾ പലരും പങ്കുവെക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ യുഡിഎഫ് വിജയം എളുപ്പമാകും. അതല്ലാതെ മറ്റാരെങ്കിലും സ്ഥാനാർത്ഥിയായാൽ സിപിഎമ്മിലേക്ക് മണ്ഡലം പോകുന്നതിനുള്ള സാധ്യതകളുണ്ട്. അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിന്റെ പേരിൽ ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃക്കാക്കര. നിലവിൽ അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ഉമ തോമസ് ആണ് തൃക്കാക്കരയുടെ എംഎൽഎ. യുഡിഎഫിനും കോൺഗ്രസിനും ആഴത്തിൽ വേരുള്ള മണ്ഡലമാണ് തൃക്കാക്കര. സിപിഎം രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാത്ത പ്രൊഫഷണലായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ ശക്തമായ മത്സരം കാഴ്ചവെക്കുവാൻ കഴിയുമെന്ന് സിപിഎം കരുതുന്നുണ്ട്. പൊതുവേ എറണാകുളത്തെ മണ്ഡലങ്ങളെ പരിശോധിച്ചാൽ ചിലതൊക്കെ യുഡിഎഫിനും കോൺഗ്രസിനും സേഫ് ആണെന്ന് പറയുവാൻ കഴിയുമെങ്കിലും എല്ലായിടത്തും അട്ടിമറി സാധ്യതകളും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.










