തിരുവനന്തപുരം: കസ്റ്റംസ് ഓഫീസറെന്നു വിശ്വസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ സ്വർണം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.കഴക്കൂട്ടം പൊലീസാണ് തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദീപകുമാരിയെ പിടികൂടിയത്. ഇവരെ കോന്നിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി, ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 25 പവൻ സ്വർണം നൽകാമെന്ന വാഗ്ദാനം നൽകി, കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 സെപ്റ്റംബറിൽ മൂന്ന് തവണകളായി 13.50 ലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.
പണം വാങ്ങിയ ശേഷം യുവതി ഒളിവിലായതിനെ തുടർന്ന് യുവാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമാന രീതിയിൽ നിരവധി സാമ്പത്തിക തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






