ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം നടന്നതായി പൊലീസ് പറയുന്നു.
തർക്കത്തിന് ശേഷം ആകാശും വീട്ടിലെ മറ്റു അംഗങ്ങളും ടെറസിൽ ഉറങ്ങാൻ പോയിരുന്നു. രാവിലെ മുറിയിൽ നിന്ന് പ്രതികരണം ലഭിക്കാതിരുന്നതോടെ സംശയം തോന്നി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് കുടുംബം ആരോപിച്ചു. വസ്ത്രവ്യാപാരശാലയിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് വർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേതെന്ന് പൊലീസ് വ്യക്തമാക്കി.






