കൊല്ലം: കൊല്ലം ചവറയിൽ കള്ളനെ പേടിച്ച് പാഠപുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത് ആക്രിക്കടയിൽ നിന്ന്. മൂന്ന് ദിവസം കഴിഞ്ഞാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് നാല് ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് ആക്രിക്കടയിലെത്തിച്ച കൂട്ടത്തിലെ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്ന് മനസിലായത്. അപ്പോള്‍ തന്നെ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു. തുടര്‍ന്ന് വീട്ടുകാരും അഞ്ച് തൊഴിലാളികളും ആക്രിക്കൂമ്പാരത്തില്‍ വൈകിട്ട് വരെ നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍ നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24ന് വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. എന്നാല്‍ നാല് ഗ്രാം ആഭരണം കണ്ടെത്താനായില്ല.




