കണ്ണൂർ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വെച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവികച്ചത്. ശംഖുവരയൻ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം, എറണാകുളം ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിയായ ശർമിളയാണ് റിസോർട്ടിൽ താമസിക്കുന്നതിനിടെ കടിയേറ്റത്. കാലിന്റെ വിരലിനാണ് കടിയേറ്റത്. ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ തുടർന്ന് മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാമ്പിന്റെ ഇനം തിരിച്ചറിഞ്ഞിട്ടില്ല.




