ആലപ്പുഴ: കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രവളപ്പിൽ ഉണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.
ഈ മാസം മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയ രവീന്ദ്രനെ സ്റ്റോർ റൂം വൃത്തിയാക്കാൻ നിയോഗിച്ചിരുന്നു. തുടർന്ന് സ്റ്റോർ റൂമിൽ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും ക്ഷേത്രപരിസരത്തെ കുഴിയിൽ നിക്ഷേപിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
മാലിന്യങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക ശേഷിയുള്ള പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിൽ രവീന്ദ്രന്റെ മുഖത്തും ശരീരത്തിലും ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
ക്ഷേത്ര സ്റ്റോർ റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതും തൊഴിലാളികളെ ഇതുസംബന്ധിച്ച് അറിയിക്കാത്തതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രവീന്ദ്രന്റെ ബന്ധുക്കളുടെ പരാതിയിലാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ അനാസ്ഥയാണോ കാരണമെന്ന് ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുന്നു.




