ന്യൂഡൽഹി: 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദൻ അധിനിയം) പ്രാബല്യത്തിൽ വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നെങ്കിലും, ഇത് നടപ്പിലാക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നു.
ഇപ്പോൾ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കെയാണ് നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തൽ. ഈ നടപടി വിചിത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
നിയമം നിലവിൽ വന്നിട്ടുണ്ടെങ്കിലും അത് ഉടൻ പ്രായോഗികമായി നടപ്പിലാക്കാൻ ചില തടസ്സങ്ങളുണ്ട്. രാജ്യത്ത് ആദ്യം ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പൂർത്തിയാക്കണം. തുടർന്ന് മണ്ഡല പുനർനിർണയം നടത്തിയാൽ മാത്രമേ വനിതാ സംവരണം നടപ്പിലാക്കാൻ കഴിയൂ. ഈ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്രം ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. കോൺഗ്രസ്, സമാജവാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇതിനോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ ബിൽ പാർലമെന്റിൽ പാസാക്കുക സർക്കാരിന് വെല്ലുവിളിയാകും. ഭേദഗതി ബിൽ പാസായില്ലെങ്കിൽ 2023ലെ നിയമം അനുസരിച്ച് സെൻസസിന് ശേഷം മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം.




