തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 125 രൂപ കുറഞ്ഞ് 14,135 രൂപയായി. പവന് 1000 രൂപ കുറഞ്ഞ് 1,13,080 രൂപയായി. ഇന്നലെ പവന് 1,14,080 രൂപയായിരുന്നു.
ഈ അടുത്ത ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങളാണ് കാണുന്നത്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇപ്പോഴത്തെ വില ഇടിവ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 1,09,240 രൂപയാണ്. ഏപ്രിൽ 2-നാണ് ഈ വില ഉണ്ടായത്. വെള്ളി വില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയാണ് ഇന്നത്തെ വില.
അതേസമയം, ഏപ്രിൽ 19-നുള്ള അക്ഷയതൃതീയയെ മുന്നിൽകണ്ട് സ്വർണവിപണിയിൽ വലിയ തിരക്കുണ്ടാകുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. സ്വർണം വാങ്ങാൻ ഏറ്റവും ശുഭദിനമായി അക്ഷയതൃതീയ കണക്കാക്കപ്പെടുന്നു. കേരളത്തിൽ 12,000-ത്തിലധികം സ്വർണവ്യാപാരശാലകൾ ഈ ദിവസത്തിനായി ഒരുങ്ങിയിരിക്കുകയാണ്. മുൻകൂട്ടി ബുക്ക് ചെയ്തവരടക്കം ഏകദേശം അഞ്ച് ലക്ഷം കുടുംബങ്ങൾ സ്വർണം വാങ്ങാനെത്തുമെന്നാണ് വിലയിരുത്തൽ.




