മലപ്പുറം: ആരോഗ്യകരമായ ജീവിതരീതി പ്രമേഹ സാധ്യത ചെറുക്കുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. ലോക പ്രമേഹദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി എന്നിവര്‍ സംസാരിച്ചു.
സമയോചിത രോഗനിര്‍ണ്ണയവും ശരിയായ ചികിത്സയും രോഗപ്രതിരോധത്തിനും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും സഹായിക്കും. പ്രമേഹത്തെ കുറിച്ചുള്ള വിദ്യാഭ്യാസം, മുന്‍കരുതലുകള്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്നിവ പൊതുജന കേന്ദ്രീകൃതമാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ‘പ്രമേഹത്തിന് പ്രായമില്ല’ എന്ന വിഷയം ഫിസിയാട്രിസ്റ്റ് ഡോ. കെ.എ. അജിത്ഖാനും ‘സമീകൃത ആഹാരം പ്രമേഹ നിയന്ത്രണത്തിന് അനുഗുണം’ എന്ന വിഷയം ഡയറ്റീഷ്യന്‍ ഫാരിയസനം പുതുശ്ശേരിയും അവതരിപ്പിച്ചു. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എച്ച്. ഹാഫിസ് റഹ്മാന്‍, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് പി. ബിന്ദു, പബ്ലിക് റിലേഷന്‍ ഓഫീസര്‍ സി.വി. അബ്ദുല്‍ മുനീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പരിപാടിയില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി കാന്റീനില്‍ സമീകൃത ആഹാരം പ്രോത്സാഹിപ്പിക്കുന്നതിന് ”ആരോഗ്യഭക്ഷണ തളികയും” ആവി പലഹാരങ്ങളും ലഭ്യമാക്കുന്നതിന് തീരുമാനമായി. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രമേഹനിര്‍ണ്ണയ ക്യാമ്പുകളും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.




