തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി ആണ് മരിച്ചത്. ആകാശ് ടെക്നോപാർക്കിലെ ജീവനക്കാരനായിരുന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാശിന്റെ ബൈക്ക്, നാലുവരി പാത വികസനത്തിനായി എടുത്തിട്ടുള്ള കലുങ്ക് നിർമാണ കുഴിയിലേക്ക് വീഴുകയായിരുന്നു.
അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഈ കുഴി മറയ്ക്കുകയോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






