ന്യൂഡൽഹി : ബിഹാറിനും ബീഹാറികൾക്കും വേണ്ടി പോരാടാൻ താൻ ആഗ്രഹിക്കുന്നെന്നും പാർട്ടിയിൽ തുടരുന്നതിലൂടെ ജനങ്ങളുടെ ശബ്ദങ്ങൾ ഫലപ്രദമായി ഉയർത്താൻ കഴിയില്ലെന്ന് തനിക്ക് തോന്നുന്നു എന്നും പ്രഖ്യാപിച്ചു കൊണ്ട് ബിജെപി വിട്ട് യൂട്യൂബർ മനീഷ് കശ്യപ്.ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവ് സെഷനിലാണ് മനീഷ് കശ്യപ് ബിജെപിയിൽ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്.കൂടാതെ പാർട്ടിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ജനങ്ങളെ ഫലപ്രദമായി സേവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 25 നായിരുന്നു കശ്യപ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.
എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ എവിടെ മത്സരിക്കണമെന്ന് നിർദ്ദേശങ്ങൾക്കായി കശ്യപ് തന്റെ അനുയായികളോട് ലൈവ് സെഷനിൽ ചോദിച്ചിരുന്നു . അതേസമയം പട്നയിലെ പിഎംസിഎച്ച് ആശുപത്രിയിൽ ഡോക്ടർമാർ കശ്യപിനെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. സംഭവത്തിന് ശേഷം, ബിജെപി തന്നെ പിന്തുണയ്ക്കാത്തതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ഈ പരാതി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഇദ്ദേഹം ഇനി സ്വതന്ത്രനായി മത്സരിക്കുമോ അതോ മറ്റൊരു പാർട്ടിയിൽ ചേരുമോ എന്നതാണ് ബീഹാർ രാഷ്ട്രീയം ഉറ്റു നോക്കുന്നത്






