പത്തനംതിട്ട: സർക്കാർ പിന്തുണയില്ലെന്ന് വ്യക്തമായാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിക്കാനാണ് ജയകുമാറിന്റെ നീക്കം. രാവിലെ 11.30നാണ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച.
മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് 54 ദിവസം മാത്രം ശേഷിക്കെ ദേവസ്വം മന്ത്രിയും ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബോർഡിനെ തുടർച്ചയായി വിവാദങ്ങളുടെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ദേവസ്വം മന്ത്രി കെ. മുരളീധരനും അദ്ദേഹത്തിന്റെ ഓഫീസും ബോർഡിന്റെ പ്രവർത്തനങ്ങളിൽ അമിതമായി ഇടപെടുന്നതായും ജയകുമാർ മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് വിവരം.
മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. തീർഥാടനകാലത്ത് തടസങ്ങളുണ്ടാകില്ലെന്നും ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്കൊപ്പം ടെൻഡർ നടപടികൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് ബോർഡിന്റെ ആരോപണം. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് സൂചന.
ദേവസ്വം ബോർഡിനെതിരെ തുടർച്ചയായി ഉയരുന്ന വിമർശനങ്ങളിൽ പ്രസിഡന്റ് കെ. ജയകുമാറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, ദേവസ്വം മന്ത്രിയുടെ വിമർശനങ്ങൾക്ക് പ്രസിഡന്റ് ശക്തമായ മറുപടി നൽകാത്തതിൽ ബോർഡിലെ ചില അംഗങ്ങൾക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷങ്ങളിൽ ദേവസ്വം വകുപ്പും ബോർഡും ഏകോപനത്തോടെ പ്രവർത്തിക്കുകയും കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നാണ് ഇരുവിഭാഗങ്ങളുടെയും നിലപാടുകളിൽ നിന്ന് വ്യക്തമാകുന്നത്.
ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചകളുണ്ടെന്നാണ് മന്ത്രി കെ. മുരളീധരന്റെ ആരോപണം. അതേസമയം, മന്ത്രിയുടെ ഓഫീസിൽനിന്ന് വലിയ സമ്മർദമുണ്ടെന്നും ശബരിമലയിലെ വിവിധ വിഷയങ്ങളിൽ അമിതമായ ഇടപെടൽ നടക്കുന്നതായും ബോർഡ് ആരോപിക്കുന്നു.
ശബരിമലയിൽ നടക്കുന്ന മുന്നൊരുക്കങ്ങളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്ന് ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പിന്തുണയും അദ്ദേഹം തേടും.
ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള തർക്കത്തെ വിമർശിച്ച് മുൻ മന്ത്രി വി.എൻ. വാസവനും രംഗത്തെത്തി. നിലവിലെ തർക്കം മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ ബാധിക്കാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അരവണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ടെന്നും ദേവസ്വം ബോർഡിനെ വെല്ലുവിളിച്ച് സർക്കാർ മുന്നോട്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നും വാസവൻ അഭിപ്രായപ്പെട്ടു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്തർക്ക് പ്രസാദം ലഭിക്കാത്ത സാഹചര്യം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും, കുറവുകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ ചുമത്തുന്ന സമീപനം ഒഴിവാക്കണമെന്നും വി.എൻ. വാസവൻ ആവശ്യപ്പെട്ടു.












