കൊച്ചി: ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ ഇന്ന് പ്രത്യേക സർവീസുകൾ നടത്തും. രാത്രി 7.30 മുതലാണ് മത്സരം. മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും.
കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്ബൈ ഉണ്ടാകും. കലൂർ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും. തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ, വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ അഭ്യർഥിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാം.
കൊച്ചിയില്‍ ഗതാഗത നിയന്ത്രണം
ഫുട്ബോള്‍ മത്സരം കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം ചേരാനെല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്, എസ്എ റോഡ് വഴി പോകണം.
ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ശേഷം ഇടപ്പള്ളി. ചേരാനെല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്തണം.












