ആന്ധ്രാപ്രദേശ്: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിന് തീപിടിച്ച് 12 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം.
സംഭവസ്ഥലത്തുവെച്ച് എട്ടുപേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മറ്റു ചിലർ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായി മർക്കപുരം ഡിഎസ്പി നാഗരാജു അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുന്നതിനിടെയാണ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ച് യാത്രക്കാർ കുടുങ്ങുകയായിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






