തിരുവനന്തപുരം: കോവളത്തിൽ അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ ഫോറസ്റ്റ് ഇൻറ്റലിജൻസ് വിഭാഗം പ്രത്യേക സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശിയായ ബിജു കുമാറാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോവളം സമുദ്രബീച്ചിന് സമീപം ചന്ദനമുട്ടികൾ കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായത്. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് ചന്ദനം കടത്തുന്ന സംഘത്തിലെ പ്രധാനിയായ പുന്നമൂട് മേപ്പാംകോട് ജയകുമാറിനെ മുമ്പ് മാർത്താണ്ഡത്തിന് സമീപത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഫോറസ്റ്റ് വിഭാഗത്തിന്റെ പരുത്തിപ്പള്ളി റെയിഞ്ച്, തിരുവനന്തപുരം ഫ്ളൈയിങ് സ്ക്വാഡ് റെയിഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ചന്ദനമുട്ടികൾ കിലോയ്ക്ക് 6,000–7,000 രൂപയ്ക്ക് മലപ്പുറത്തെ സംഘത്തിന് വിൽക്കാനായിരുന്നു പദ്ധതിയെന്ന് വനംവകുപ്പ് അറിയിച്ചു. സംഘത്തിന്റെ പതിവ് ഇരട്ടിവിലയിൽ ചന്ദനം മറ്റ് മേഖലകളിലേക്ക് മറിച്ച് വിൽക്കൽ തന്നെയാണ്.
അറസ്റ്റിലായവരിൽ നെഹേമിയും നജീബും മുൻപും ചന്ദനക്കടത്ത് കേസിൽ പ്രതികളായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




