കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുനിസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര പ്രദേശത്ത് വെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു.
പരിക്കേറ്റ 25 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി അറിയിച്ചു. അപകടസമയത്ത് ബസിൽ 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഗജൗരി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.










