ചെന്നൈ: ചെന്നൈ കിൽപോക്കിലെ ഹോട്ടലിൽ കഞ്ചാവ് ഉപയോഗിച്ച് പാർട്ടി നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മുറികളിൽ നിന്നായി മൊത്തം 18 പേരെയാണ് പിടികൂടിയത്.
പാർട്ടിക്ക് ശേഷം സംഘം മുറികളിൽ ഒത്തു ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്ലാൻ ചെയ്ത്, ഹോട്ടൽ മാനേജരുടെ അനുമതിയോടെ പാർട്ടി നടന്നതാണെന്നാണു വിവരം. നേരത്തെയും ഇവർ സമാനമായ ഒത്തുചേരലുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോണുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങി പല വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി, പാർട്ടിക്ക് പിന്നിലെ സംഘാടകരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു.
പ്രതികൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതടക്കം വിശദമായ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.




