കൊച്ചി: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊച്ചി സിറ്റി സൈബർ പൊലീസാണ് ഹൈദരാബാദിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരാണ് പിടിയിലായത്.
‘Capitallx.com’ എന്ന വെബ്സൈറ്റ് വഴി, സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്യാപിറ്റലിക്സ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ട്രേഡിംഗ് നടത്തി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിയിൽ നിന്ന് വൻതുക നിക്ഷേപിപ്പിച്ചത്. തട്ടിയെടുത്ത 25 കോടിയിൽ ഏകദേശം 16 കോടി രൂപ ഈ രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ വെബ്സൈറ്റിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ സത്യനാരായണമൂർത്തി ഹൈദരാബാദിൽ ഐടി, കൺസ്ട്രക്ഷൻ മേഖലകളിൽ കമ്പനികൾ നടത്തുന്നയാളാണ്. ‘ആശ്രിത മെഗാ ഇൻഫോടെക്’, ‘ആശ്രിത ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്നീ സ്ഥാപനങ്ങളും ‘എയ്റോ വില്ലാസ്’ എന്ന പേരിൽ വില്ല പ്രോജക്ടും ഇയാളുമായി ബന്ധപ്പെട്ടവയാണ്. സാധാരണ ഐടി ജോലിയിൽ നിന്നാരംഭിച്ച് കുറച്ച് കാലത്തിനുള്ളിൽ കോടീശ്വരനായ ഇയാളുടെ വളർച്ച സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണവുമായി ബന്ധപ്പെട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ഹൈദരാബാദിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതിനകം അഞ്ച് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ അന്താരാഷ്ട്ര ബന്ധങ്ങൾ ഉൾപ്പെടെ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇത്തരം വ്യാജ ട്രേഡിംഗ് വെബ്സൈറ്റുകൾ വഴി കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിരിക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.




