കൊൽക്കത്ത: മെയ് 9ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ മമത ബാനർജിയെ തോൽപ്പിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രി ആകാൻ സാധ്യത. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. മമതയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിലാണ് സുവേന്ദു വിജയിച്ചത്. ഔദ്യോഗിക തീരുമാനത്തിനായി ദില്ലിയിൽ ഇന്ന് ബിജെപി യോഗം ചേരും.
അതേസമയം മമതയുടെ പരാജയം കോൺഗ്രസ് നേതാക്കൾ ആഘോഷം ആക്കരുതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്നുള്ള അട്ടിമറിയാണ് പരാജയത്തിന് കാരണമെന്ന ആരോപണം കടുപ്പിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ഇന്നലെ പലയിടത്തും പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടുവെന്നും നേതാക്കൾക്ക് ക്രൂരമർദനമേറ്റെന്നും ടിഎംസി പരാതിപ്പെട്ടു. അക്രമ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേന ബംഗാളിൽ തുടരുകയാണ്.




