കോഴിക്കോട്: താമരശേരിയിലെ ഫ്രഷ്കട്ട് കമ്പനിക്കെതിരായ സമരത്തിൽ മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും തമ്മിൽ ഒത്തുകളി നടന്നതായി ആരോപണം. സമരസമിതി നേതാവ് സലീം മടവൂരാണ് ആരോപണം ഉന്നയിച്ചത്.
കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ നേടാനും കഴിഞ്ഞതെന്നും സലീം മടവൂർ പറഞ്ഞു.
കമ്പനി അടച്ചുപൂട്ടാനുള്ള കാരണം ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്താതിരുന്നത് കമ്പനിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്നും സലീം മടവൂർ വ്യക്തമാക്കി. കാട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയും സംഭവത്തിൽ നടന്ന ഇടപെടലുകളുടെ ഭാഗമാണെന്നും സലീം മടവൂർ ആരോപിച്ചു. സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറിക്ക് മുന്നിൽ നടക്കുന്ന സമരം നാടകമാണെന്നും അതിന് പിന്നിൽ കമ്പനിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും സലീം മടവൂർ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











