ന്യൂഡല്‍ഹി: എസ്ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ അവഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘വോട്ട് ചോരി’ (വോട്ട് മോഷണം) നടക്കുന്നത് ‘കാനൂന്‍ ചോരിക്ക്’ (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍, അത്തരക്കാര്‍ തെരഞ്ഞെടുക്കുന്ന എംപിമാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അത് ജനങ്ങളുടെ നിയമങ്ങളെ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും രാജിവെക്കണമെന്നും പറഞ്ഞ രാഹുൽ, ഇന്ത്യയിലെ ജനാധിപത്യം തകര്‍ക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. ‘വോട്ട് മോഷണത്തില്‍ നിന്നാണ് നിയമ മോഷണം ഉണ്ടാകുന്നത്. ഇന്ന് വോട്ടില്ല, നിയമനിര്‍മ്മാണ സംവിധാനവുമില്ല. വോട്ട് കവര്‍ച്ച ചെയ്യപ്പെട്ടാല്‍, അതുവഴി പാര്‍ലമെന്റിലെത്തിയ ജനപ്രതിനിധികള്‍ പാസാക്കുന്ന നിയമങ്ങളും മാറ്റങ്ങളും പോലും നിയമവിരുദ്ധമാണ്’ -രാഹുല്‍ ഗാന്ധി പറഞ്ഞു.












