തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത എന്താണെന്ന നേമം ഷജീറിന്റെ വിമർശനത്തിന് മറുപടിയുമായി ജെ.എസ്. അഖിൽ. സമരങ്ങളിൽ പങ്കെടുത്തും പൊലീസിന്റെ മർദനമേറ്റും ജലപീരങ്കി പ്രയോഗം നേരിട്ടുമാണ് താൻ ഇതുവരെ എത്തിയതെന്ന് അഖിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സമരങ്ങളിൽ പങ്കെടുത്തതിന്റെയും പൊലീസ് മർദനമേറ്റതിന്റെയും ജയിൽവാസത്തിന്റെയും തെളിവുകൾ ഹാജരാക്കിയാൽ ആരോപണം ഉന്നയിച്ചവരും പിന്തുണയ്ക്കുന്നവരും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോയെന്നും അഖിൽ ചോദിച്ചു.
ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കാൻ ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആർക്കും അർഹതയില്ലെന്ന് അഖിൽ കുറിച്ചു. മറ്റാരേക്കാളും യോഗ്യത തനിക്കുണ്ടെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മൻചാണ്ടി തന്നെ പരിഗണിച്ചതും ഒപ്പം നിർത്തിയതും വിവിധ സ്ഥാനങ്ങളിലേക്ക് പേര് നിർദേശിച്ചതുമെന്നും അഖിൽ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പരിഗണനയും അദ്ദേഹത്തിനൊപ്പം അവസാനം വരെ ഉറച്ചുനിന്നതുമാണ് തന്റെ യോഗ്യതയെന്നും അഖിൽ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ വീട്ടിൽ കയറിച്ചെല്ലാനും അദ്ദേഹത്തിന്റെ സ്നേഹം ലഭിക്കാനും ആത്മാർഥതയുള്ളവർക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും അഖിൽ കുറിച്ചു. പാർട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുത്തതിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കെഎസ്‌യു ഭാരവാഹിത്വത്തിലൂടെ സെനറ്റ്, സിൻഡിക്കേറ്റ് അംഗത്വങ്ങളും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ടെന്നും അഖിൽ ചൂണ്ടിക്കാട്ടി. താൻ തെരുവിൽ സമരം ചെയ്തിരുന്ന കാലത്ത് വിമർശനം ഉന്നയിച്ചയാൾ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്നും അഖിൽ ചോദിച്ചു. വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന നേമം ഷജീർ എപ്പോഴാണ് യൂത്ത് കോൺഗ്രസിലെത്തിയതെന്നും എങ്ങനെയാണ് ജില്ലാ പ്രസിഡന്റായതെന്നും അഖിൽ ചോദ്യം ചെയ്തു. വിവരാവകാശ അപേക്ഷ നൽകിയാൽ തന്റെ ജയിൽവാസത്തിന്റെയും പൊലീസ് കേസുകളുടെയും വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ജെ.എസ്. അഖിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ രംഗത്തെത്തിയിരുന്നു. താൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും അഖിലിനെ കണ്ടിട്ടില്ലെന്നും പൊലീസ് മർദനമേറ്റപ്പോഴോ ജലപീരങ്കി പ്രയോഗം നേരിട്ടപ്പോഴോ അഖിൽ ഒപ്പമുണ്ടായിരുന്നില്ലെന്നുമായിരുന്നു വിമർശനം. ഉമ്മൻചാണ്ടിയുടെ വീട്ടിൽ താമസിച്ചാൽ സംസ്ഥാന അധ്യക്ഷനാകാമെന്ന് കരുതേണ്ടെന്നും അഖിൽ ഉപയോഗശൂന്യനാണെന്നും ഷജീർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടി സമരങ്ങളിൽ പങ്കെടുത്തതിന്റെയും പൊലീസ് നടപടികൾ നേരിട്ടതിന്റെയും ചിത്രങ്ങൾ പങ്കുവച്ച് അഖിൽ മറുപടി നൽകിയത്.


