ന്യൂഡൽഹി: ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ്‍വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിൽ പുകയുടെ മണം അനുഭവപ്പെടുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ജീവനക്കാർ അത് അവഗണിച്ചതായി എഫ്ഐആറിൽ പറയുന്നു.
ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിനെ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജീവനക്കാർ ഇത് പരിഹസിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
പുകയുടെ മണം അനുഭവപ്പെട്ടതിന് പിന്നാലെ ബസിന്റെ മുൻഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. യാത്രക്കാർ ബഹളം വെച്ചിട്ടും ഡ്രൈവർ ബസ് നിർത്താൻ തയ്യാറായില്ലെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ദില്ലിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോയ ബിഹാർ രജിസ്ട്രേഷനിലുള്ള ‘രാജ് കൽപന ട്രാവൽസ്’ ബസാണ് കത്തിനശിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. തീ പെട്ടെന്ന് പടർന്നതോടെ ബസിനുള്ളിൽ പുക നിറയുകയും യാത്രക്കാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. ബസിന്റെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ എഞ്ചിൻ ഓയിലിലേക്കും പടർന്നതോടെ അപകടം രൂക്ഷമായെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിനെതിരെ വിവിധ നിയമലംഘനങ്ങൾക്ക് 60ലധികം പിഴകൾ ചുമത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 1.7 ലക്ഷം രൂപയിലധികം പിഴ ഇനിയും അടയ്ക്കാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.












