ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ബെംഗളൂരുവിലെ രാമനഗര ബിഡതിയിൽ ഇന്ന് രാവിലെ 6.40ഓടെയാണ് അപകടമുണ്ടായത്.
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലെ സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കണ്ടക്ടർ എൻ.എം. അരുൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ബിജിലേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
അപകടത്തിൽ നിരവധി യാത്രക്കാർക്കും പരുക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











