കൊച്ചി: പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റുമായി രംഗത്ത്. സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചും തനിക്കെതിരായ കേസുകളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചുമാണ് അർജുൻ ആയങ്കി പോസ്റ്റ് പങ്കുവെച്ചത്.
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താൻ ഉള്ളതെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ റോഡിൽ കാത്തിരുന്ന ആ സഹോദരിക്ക് ഭർത്താവിനെ നേരത്തെ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നാണ് അർജുൻ ആയങ്കിയുടെ പരിഹാസം.
തനിക്കെതിരെ അവശേഷിക്കുന്നത് നാല് കേസുകൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയാക്കി വെടിവെക്കാൻ വരെ ഉത്തരവിട്ടുവെന്നും അർജുൻ ആരോപിച്ചു. കള്ളക്കേസിൽ ജയിലിലാക്കിയതോടെ തന്റെ ജീവിതം താറുമാറായെന്നും അദ്ദേഹം പറഞ്ഞു. തന്നെ തീവ്രവാദിയാക്കിയത് ഈ സംവിധാനമാണെന്നും പൂർണ ബോധത്തോടെയാണ് താൻ പ്രതികരിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
തനിക്കെതിരെ കള്ളക്കേസിൽ രജിസ്റ്റർ ചെയ്ത കേസ് പുനരന്വേഷിക്കണമെന്നും അർജുൻ ആവശ്യപ്പെട്ടു. ജയിലിലടച്ച് ദ്രോഹിച്ചതിന് ബന്ധപ്പെട്ട വ്യക്തി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതം തകർന്ന ഒരാളുടെ വേദന പിന്നീട് പകയും പ്രതികാരവുമായി മാറുമെന്ന മുന്നറിയിപ്പോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതിനിടെ, അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് പിന്തുടരുന്നതിനിടെ തൃശൂരിൽ നിന്ന് ഇയാൾ വാഹനം മാറിയെന്നാണ് വിവരം.
അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കേസിൽ കണ്ണൂർ സ്വദേശികളായ രണ്ട് കൂട്ടാളികളെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോതമംഗലം ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ അർജുൻ ആയങ്കിക്കായി പൊലീസ് തിരച്ചിൽ നടത്തുന്നത്. ഇയാളെ ഒളിയിടത്തിൽ നിന്ന് പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം. അർജുനെതിരായി നിലവിൽ രണ്ട് കേസുകളാണുള്ളത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞ മേയിലാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി മുഴക്കുന്ന ഫേസ്ബുക്ക് കുറിപ്പ് അർജുൻ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.


