കൊല്ലം: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്. പുത്തൂർ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
മെയ് മാസത്തിലാണ് പരാതിക്കാരൻ ഭൂമി പോക്കുവരവിനായി അപേക്ഷ നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി ചുമതലയേറ്റ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് വീണ്ടും സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
വീണ്ടും ഭൂമി പരിശോധിച്ച ശേഷമാണ് പോക്കുവരവ് നടപടികൾക്കായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസ് നിർദേശപ്രകാരം പണം കൈമാറുന്നതിനിടെ വില്ലേജ് ഓഫീസറെ തന്ത്രപൂർവം പിടികൂടുകയായിരുന്നു.




