കണ്ണൂർ: കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ സിപിഎം നേതാക്കളെ വിമർശിക്കുന്ന ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുടെ ചിത്രത്തിന് മേൽ ‘തെറ്റ്’ എന്ന് അടയാളപ്പെടുത്തി ‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’ എന്ന സന്ദേശമാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.
അതേസമയം എം സ്വരാജ് , പി ജയരാജൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ഇനി നയിക്കാൻ ഇവർ ഉണ്ടെങ്കിൽ ഞങ്ങളും കൂടെയുണ്ട്’ എന്നുമാണ് ബോർഡിൽ പറയുന്നത്. “ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഈരായിക്കൊല്ലിയിൽ ഇത്തരം ബോർഡ് വന്നത് പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയരുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. കണ്ണൂർ ജില്ലയിലും പാർട്ടി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്.
ഇതിനിടെ പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടിയിൽ തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് വ്യക്തമാക്കി. പാർലമെന്ററി രാഷ്ട്രീയത്തിൽ ചില ദോഷങ്ങൾ കടന്നുവരുന്നുവെന്നും അവ ചർച്ച ചെയ്ത് തിരുത്തിയില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് പകരം പാർട്ടി നേതൃത്വത്തിന് നേരിട്ട് അറിയിക്കണമെന്നും ജയരാജൻ അഭ്യർത്ഥിച്ചു. പാർട്ടിയുടെ പാരമ്പര്യവും ശക്തിയും നിലനിർത്തി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




