തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. തിരുവനന്തപുരം മണക്കാട് പ്രവർത്തിച്ചിരുന്ന ഇസ്‌താംബൂൾ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ട പലരും പരാതിയുമായി എത്തിയതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലിൽ ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകൾ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളർച്ചയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും.
കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പത്തു പേരും മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് മറ്റുള്ളവർ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റതിൽ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളിൽ ഉള്ളവരാണ്. ആരുടെയും നില ഗുരുതരമല്ല.






