കോട്ടയം: പാലാ നഗരസഭയുടെ ഭരണം പിടിക്കുന്നതിൽ നിർണായക ശക്തിയായ സ്വതന്ത്ര സ്ഥാനാർത്ഥി ദിയ ബിനു പുളിക്കക്കണ്ടം ആദ്യ ടേമിൽ നഗരസഭാ ചെയർപേഴ്സണാകുമെന്ന് സൂചന. 26 വാർഡുകളുള്ള കൗൺസിലിൽ എൽഡിഎഫിന് 11 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളുമാണ് ലഭിച്ചത്. ഇവിടെ, ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിൽ വിജയിച്ച മൂന്ന് സ്വതന്ത്രരും മറ്റു രണ്ട് സ്വതന്ത്രരും നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ബിനു പുളിക്കക്കണ്ടത്തിന്റെ ടീമിന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മായാ രാഹുലും മറ്റൊരു സ്വതന്ത്രന്റെയും പിന്തുണ യുഡിഎഫിന് ലഭിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.
നിലവിലെ സാഹചര്യത്തിൽ, ഈ സ്വതന്ത്രരുടെ പിന്തുണയില്ലാതെ യുഡിഎഫിന് നഗരസഭാ ഭരണം പിടിക്കാൻ സാധിക്കില്ല. കഴിഞ്ഞ തവണ അവസാന ടേമിൽ ഒരു വർഷം ചെയർമാനാകേണ്ടിയിരുന്ന ബിനു പുളിക്കക്കണ്ടത്തിന് കേരള കോൺഗ്രസ് (എം)ന്റെ എതിർപ്പിനെത്തുടർന്ന് അതിനു സാധിച്ചിരുന്നില്ല. അതിനാൽ, കേരള കോൺഗ്രസ് (എം) നോടും എൽഡിഎഫിനോടുമുള്ള മധുരപ്രതികാരമായാണ് മകൾ ദിയ ബിനുവിനായുള്ള ആദ്യ ടേം ചെയർപേഴ്സൺ സ്ഥാനം ബിനു നേടിയെടുക്കാൻ ശ്രമിക്കുന്നത്.
യുഡിഎഫ് ഭരണത്തിൽ വന്നാൽ, കഴിഞ്ഞ ഇടതുഭരണ മാതൃകയിൽ, വിവിധ കക്ഷികളെ തൃപ്തിപ്പെടുത്താനായി ചെയർപേഴ്സൺ സ്ഥാനം പങ്കുവെക്കാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. ഇതനുസരിച്ച്, മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവരും തുടർന്നുള്ള വർഷങ്ങളിൽ ചെയർപേഴ്സൺമാരാകാൻ സാധ്യതയുണ്ട്. ദിയ ബിനു ആദ്യ രണ്ടു വർഷവും, തുടർന്ന് മായാ രാഹുൽ, സിജി ടോണി, ലിസിക്കുട്ടി മാത്യു എന്നിവർ യഥാക്രമം ഓരോ വർഷവും ചെയർപേഴ്സൺമാരാകാനുള്ള ധാരണകളാണ് യുഡിഎഫ് ക്യാമ്പിൽ സജീവമായിരിക്കുന്നത്.



