പാലക്കാട്: നെല്ലറയുടെ ജീവനാഡിയായ മലമ്പുഴ ജലസേചന കനാലുകൾ നവീകരിക്കാൻ 200 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. റീൽസും ഫോട്ടോഷൂട്ടും ചെയ്യുന്നവരുടെ ഇഷ്ടലൊക്കേഷനായ പഴയ ബ്രിട്ടിഷ് പാലങ്ങളുടെ ബലപ്പെടുത്തലും നവീകരണത്തിന്റെ ഭാഗമായി നടത്തും. സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരപദ്ധതിയിൽ ഉൾപ്പെടുത്തിയാണു കനാലുകളുടെ പ്രവൃത്തി നടത്തുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ കൂടി പൂർത്തിയായാൽ പ്രവൃത്തി ആരംഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ നിർവഹണച്ചുമതല ജലസേചന വിഭാഗത്തിനാണ്.
മലമ്പുഴ ഡാമിൽനിന്ന് ഇടതു, വലതുകര കനാൽ വഴി 22,000 ഹെക്ടർ കൃഷി സ്ഥലത്തേക്കാണു ജലസേചനം സാധ്യമാക്കുന്നത്. ഇടതുകര കനാലാണ് ഇപ്പോൾ നവീകരിക്കുന്നത്. 31.6 കിലോമീറ്ററാണ് ഇടതുകര (എൽബിസി) കനാലിന്റെ നീളം. മലമ്പുഴ ഡാമിൽനിന്ന് ആദ്യം നിർമിച്ചതും ഈ കനാലാണ്. 1951ൽ ആണ് ആദ്യഭാഗം കമ്മിഷൻ ചെയ്തതെന്നാണു വിവരം. പിന്നീട് ഘട്ടം ഘട്ടമായി നീളം കൂട്ടി. അന്നു നിർമിച്ച കനാലാണ് ഇപ്പോഴുമുള്ളത്. ഇടതുകനാലിനു 15 വലിയ ബ്രാഞ്ച് കനാലുകളും 47 ഫീൽഡ് കനാലുകളുമുണ്ട്. ഇതുവഴി 17,050 ഹെക്ടറിലേക്ക് ജലസേചനം സാധ്യമാക്കുന്നു.
ഇതിനൊപ്പം, കരിങ്കരപ്പുള്ളിയിലും കൊട്ടേക്കാടുമുള്ള ബ്രിട്ടിഷ് പാലങ്ങളുടെ തനിമ അതേപടി നിലനിർത്തിയുള്ള നവീകരണവും നടപ്പാക്കും. പാലങ്ങൾക്കു നല്ല കെട്ടുറപ്പുണ്ടെങ്കിലും ചിലയിടങ്ങളിൽ പാളികൾ അടർന്നു വീഴുന്നുണ്ട്, ചോർച്ചയുമുണ്ട്. കരിങ്കരപ്പുള്ളിയിലെ പാലം ശോകനാശിനിപ്പുഴയ്ക്കു കുറുകെയാണു നിർമിച്ചിട്ടുള്ളത്. 1950കളിലെ നിർമിതിയാണ്. ഇവിടെ പുഴയ്ക്കു മുകളിലൂടെ മലമ്പുഴ കനാൽ രണ്ടായാണ് ഒഴുകുന്നത്.
ഒന്ന് തുറന്ന അക്വഡക്ട് മുഖേന വെള്ളം പുഴയ്ക്ക് അക്കരെയുള്ള കനാലിലേക്ക് ഒഴുകിയെത്തും. രണ്ടാമത്തെ അക്വഡക്ട് അടച്ചുമൂടിയതാണ്. ഇതിനു മുകളിലൂടെ ചെറുവാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്ന വിധത്തിലാണു നിർമാണം. സിനിമകളിലെ സ്ഥിരം കാഴ്ചയാണ് ഈ ബ്രിട്ടിഷ് പാലം. കൊട്ടേക്കാട് ഭാഗത്തെ ചെറിയ ബ്രിട്ടിഷ് പാലം കോരയാറിനു മുകളിലൂടെയാണ്.



