തൃശ്ശൂർ: 2026ലെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹന പ്രചരണം നടത്തും.
വോട്ട് രേഖപ്പെടുത്തേണ്ട വിധം കൃത്യമായി മനസ്സിലാക്കുന്നതിനും വോട്ടർമാർക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹനങ്ങൾ പ്രചരണം നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ജില്ലാ കളക്ട്രേറ്റിൽ വെച്ച് ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ഇ.ആർ.ഒ മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



