കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിനിടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെടുത്തിയായിരുന്നു പടക്കം പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി. അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരാണ് പിടിയിലായത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും റോഡ് സുരക്ഷയെ ബാധിക്കുകയും ചെയ്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






