പാലക്കാട്: മലമുകളിൽ നിന്നും കാൽ വഴുതി വീണ് 3 പേർക്ക് പരുക്ക്. തെക്കേ മലമ്പുഴയിലാണ് സംഭവം. മൂന്നു വിനോദസഞ്ചാരികളാണ് അപകടത്തിൽപെട്ടത്. മലപ്പുറം സ്വദേശികളായ സിനാൻ റഹ്മാൻ (26), എം.നിസാർ (34), മണ്ണാർക്കാട് സ്വദേശി എം.വിനീഷ് (28) എന്നിവർക്കാണു പരുക്ക്. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30നു രാത്രി എട്ടോടെയാണു സംഭവം. പ്രദേശത്തു കനത്ത മഴ തുടരുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും മലയിലും പാറക്കെട്ടുകൾക്കു മുകളിലും കയറുന്നതിനും ഒരാഴ്ചയായി വിലക്കുണ്ട്. ഇതു മറികടന്നാണു സന്ദർശകർ മല കയറിയത്.
ഒട്ടേറെ സഞ്ചാരികൾ ഇവിടെ വിലക്കു ലംഘിക്കുന്നുണ്ട്. പാറക്കെട്ടിനു മുകളിലെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതും ഡാമിലും മയിലാടിപ്പുഴ, ഒന്നാംപുഴ എന്നിവിടങ്ങളിലും ഇറങ്ങുന്നതും പതിവാണ്. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പരിശോധനയുമില്ല. നാട്ടുകാർ പൊലീസിനോടും ജലസേചന വകുപ്പ് അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എയ്ഡ് പോസ്റ്റിൽ പൊലീസ് ഇല്ലെന്നും പരാതിയുണ്ട്. രണ്ടാഴ്ച മുൻപു മലമ്പുഴ ഡാമിലേക്കു കാൽവഴുതി വീണ 16 വയസ്സുകാരനെ മത്സ്യത്തൊഴിലാളികളാണു രക്ഷിച്ചത്. സഹോദരങ്ങളായ രണ്ടുപേർ അടുത്തിടെ ഡാമിൽ മുങ്ങിമരിച്ചിരുന്നു.






