തൃശ്ശൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 38-ാമത് സഭാ കൺവെൻഷൻ സുവിശേഷ മഹായോഗം കല്ലുംപുറം സെന്റ് ജോർജ്ജ് പള്ളി നവതി പാരിഷ് ഹാളിൽ ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്കാരത്തിനു ശേഷം സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മഹായോഗം ഉദ്ഘാടനം ചെയ്തു.ആദ്യ ദിനത്തിലെ വചന ശുശ്രൂഷയ്ക്ക് മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ പ്രസംഗികൻ ഫാ. ജിനോ ജോസ് കരിപ്പക്കാടൻ നേതൃത്വം നൽകി. സുവിശേഷ സംഘം ജനറൽ സെക്രട്ടറി ഫാ. സ്ക്കറിയ ചീരൻ സ്വാഗതവും, സൺഡേ സ്കൂൾ സമാജം സെക്രട്ടറി ഫാ. അഫ്രേം അന്തിക്കാട് നന്ദിയും പറഞ്ഞു.സഭാ കൗൺസിൽ വൈസ് പ്രസിഡന്റ് ഫാ. വർഗ്ഗീസ് വാഴപ്പിള്ളി, വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, സഭാ സെക്രട്ടറി ബിനോയ് മാത്യു, അൽമായ ട്രസ്റ്റി ഗീവർ മാണി, കൺവീനർ സി. പി. ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മഹായോഗം സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും MISC മീഡിയ വിംഗിന്റെ യുട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ശനിയാഴ്ച റവ. മാത്യു ജോർജ്ജും ഞായറാഴ്ച ഫാ. നോബിൻ ഫിലിപ്പും വചന ശുശ്രൂഷ നടത്തും. മഹായോഗത്തോടനുബന്ധിച്ച് വിവിധ ഭക്ത സംഘടനകളുടെ ഏകദിന പഠന ക്യാമ്പുകളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.






