പത്തനംതിട്ട: കോന്നി ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് 4 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായി മനസിലാക്കിയെന്നും ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരണപ്പെട്ടത്. ആനക്കൂട് സന്ദര്‍ശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവധി ദിവസമായതിനാല്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയത്.
അതേസമയം, കുട്ടി ഫോട്ടോ എടുക്കാന്‍ തൂണില്‍ ചാരി നില്‍ക്കുകയും അതില്‍ കളിക്കുകയും ചെയ്തതിന് പിന്നാലെയാണ് അപകടം നടക്കുന്നത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂണ്‍ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് അതിരുകളയി ഉപയോഗിച്ചിരുന്ന തൂണുകള്‍ സൗന്ദര്യവല്‍ക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിര്‍ത്തുകയായിരുന്നു.






