കണ്ണൂർ: നടുവനാട്ടുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാനയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്.
അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ അമ്മക്കും സഹോദരിക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇലാനയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. നടുവനാട് എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥിനിയായിരുന്നു ഇലാന. കുട്ടികളെ സ്കൂളിൽ എത്തിക്കാനായി പോകുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.






