മലപ്പുറം: ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ലസ്നയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ഷഹല, സഹോദരി മിൻസ എന്നിവർക്കും മറ്റു മൂന്ന് കുടുംബാംഗങ്ങൾക്കും ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവർ നിലവിൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോയെന്ന സംശയമുണ്ട്. വീട്ടിൽ തയ്യാറാക്കി ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് കഴിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.










