ഒഡിഷ: വയോധികൻ രോഗിയായ ഭാര്യയെയും കൊണ്ട് 300 കി. മീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് പോയത് സ്വയം സൈക്കിൾ റിക്ഷ ചവിട്ടിയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതിനെ തുടർന്നാണ് 70 വയസുള്ള വയോധികൻ ഭാര്യയുമായി പോയതെന്നാണ് നിഗമനം. ബിജെപി ഭരണമുള്ള ഒഡിഷയിലാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
ഒഡീഷയിലെ സാംബൽപൂരിൽ നിന്ന് കട്ടക്കിലെ ഒരു ആശുപത്രിയിലേക്കാണ് 300 കിലോമീറ്റർ വീതം അങ്ങോട്ടും തിരിച്ചും 70കാരൻ സൈക്കിൾ ചവിട്ടിയത്..ഇതാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ന് മലയാളികൾക്ക് വാഗ്ദാനം ചെയ്ത “ഡബിൾ എഞ്ചിൻ സർക്കാർ” എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു .പ്രായത്തെയും അസ്ഥി മരവിപ്പിക്കുന്ന തണുപ്പിനെയും അവഗണിച്ചാണ് ഭാര്യയെയും വഹിച്ച് ആ മനുഷ്യൻ സൈക്കിൾ ചവിട്ടിയതെന്നും കൂട്ടിച്ചേർത്തുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോൺ ബ്രിട്ടാസ് വിമർശനം അറിയിച്ചത്.









