താമരശേരി: പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി. പ്രതികളുടെ റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി.
കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം ഈ കേസിൽ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിദ്യാർത്ഥികൾ കൃത്യമായ ആസൂത്രണത്തോടെയാണെന്ന് കൊലപാതകം നടത്തിയത്. അതിനുള്ള തെളിവുകളാണ് സമൂഹ മാധ്യമത്തിലുള്ള ചാറ്റുകൾ എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി.
കേസിൽ പ്രതികളായ ആറു പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണമെന്നായിരുന്നു പ്രതിഭാഗം. കുട്ടികളുടെ പേരിൽ ഇതിനു മുൻപ് മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിൽ അധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണെന്നും രക്ഷിതാക്കൾ വാദിച്ചു. എന്നാൽ കോടതി വിവാദങ്ങൾ തള്ളുകയായിരുന്നു.
ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും ഷഹബാസിൻ്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിദ്യാർഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു.






