തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോർഡിലെ ക്ലർക്ക് തട്ടിയെടുകുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിലാണ് ക്ലർക്കിൻ്റെ തട്ടിപ്പ് കഥ പുറംലോകം അറിഞ്ഞത്. 2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. ലോട്ടറി വിൽപനക്കാരിൽ നിന്നുള്ള അംശദായക തുക ഇയാൾ തൻ്റെ സ്വകാര്യ അക്കൗണ്ടിലേക്കും ബന്ധുകളുടെ അക്കൗണ്ടുകളിലേക്കുമായി മാറ്റുകയായിരുന്നു. സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോർഡിലെ മുൻ ക്ലർക്കായിരുന്ന സംഗീതിനെതിരെയാണ് പരാതി.
ക്ഷേമനിധി ബോർഡിലെ ഓഡിറ്റിൽ പോലും തെളിയാതിരുന്ന തട്ടിപ്പ് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വരുന്നത്. 2018 ൽ മാത്രം ഇയാൾ 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കും ബന്ധുവിൻ്റെ അക്കൗണ്ടുകളിലേക്കുമായി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വിജിലൻസിൻ്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് പ്രകാരം ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഒന്നരകോടിയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. ലോട്ടറി ക്ഷേമ നിധി ബോർഡിലെ സേവനത്തിന് ശേഷം സംഗീത് ലോട്ടറി ഡയറകട്റേറ്റിലെ മാറി. എന്നാൽ അപ്പോഴും ബോർഡിൻ്റെ ചെക്ക് ഉപയോഗിച്ച് ഇയാൾ പണം പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം ഇയാൾ നടത്തിയ മുഴുവൻ സാമ്പത്തിക ഇടപ്പാടുകളും പരിശോധിച്ച് വരികയാണ്.
അവധിക്കായി വ്യാജ രേഖകൾ സമർപ്പിച്ചതിന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. തട്ടിപ്പ് വിവരം കൂടി പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം, തട്ടിപ്പു നടന്ന സമയം ലോട്ടറി ക്ഷേമനിധി ബോർഡിലുണ്ടായിരുന്ന ഉന്നതോദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ചെയർമാൻ ടി.ബി സുബൈർ പറഞ്ഞു. അതിനിടെ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോടികളുടെ അഴിമതി നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻ്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
എട്ടുവർഷമായി നടക്കുന്ന ഈ തട്ടിപ്പിന് പിന്നിൽ ഒരാൾമാത്രമാണെന്ന് വരുത്തി മറ്റുള്ളവരെ രക്ഷപ്പെടുത്താൻ അധികാരകേന്ദ്രങ്ങൾ ശ്രമിക്കുകയാണ്. അന്നത്തെ ഓഫീസ് ചുമതലക്കാരനായ ഇന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവരെ സസ്‍പെൻഡ് ചെയ്ത് അന്വഷണം സ്വതന്ത്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും ലോട്ടറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.




