തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ജാൻമണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലിക്കാണ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് പരാതി സമർപ്പിച്ചത്.
ജാൻമണി പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാമർശം ഭാഷാപരമായ പിഴവിന്റെ ഫലമല്ലെന്നും മനഃപൂർവമായിരുന്നുവെന്നുമാണ് മഹിളാ മോർച്ചയുടെ നിലപാട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാന പരാതി നൽകുമെന്നും സംഘടന അറിയിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് ജാൻമണിയുടെ വിവാദ പരാമർശം പുറത്തുവന്നത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചുവെന്നാണ് ആരോപണം ഉയർന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ വിശദീകരണവും മാപ്പുപറച്ചിലും നടത്തി. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.
വിവാദ പരാമർശത്തിന് പിന്നാലെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഇടങ്ങളിൽ നിന്ന് ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചുവെന്നും, വിഷയം ഗൗരവമുള്ളതാണെന്ന് മനസ്സിലായ ഉടൻ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ജാൻമണി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മാതാവിനെ ഉദ്ദേശിച്ചല്ല പരാമർശിച്ചതെന്നും, കണ്ടന്റുമായി ബന്ധപ്പെട്ട ചോദ്യമാണ് ഉന്നയിച്ചതെന്നും അവർ വിശദീകരിച്ചു.
അതേസമയം, ജാൻമണിയുടെ മാപ്പുപറച്ചിൽ അംഗീകരിക്കാനാവില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മഹിളാ മോർച്ച അറിയിച്ചു.




