കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയോട് നാളെ പത്തു മണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ്. ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ ടോം നാളെ രാവിലെ 10ന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലീസ് നിർദേശം നൽകിയത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമൊന്നുമില്ലാതെ ഇറങ്ങി ഓടിയതിന്റെ വിശദീകരണമാണ് പോലീസ് തേടുന്നത്.
ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ തൃശൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ഇയാൾ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് സൂചന. അതിനിടെ, പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പോലീസ് അറിയിച്ചത്.






